ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 1962 ജനുവരി ഒന്നാം തീയതി പാണ്ടനാട് വില്ലേജ് മാത്രം ഉൾക്കൊള്ളുന്ന വാർഡുകൾ ഉൾക്കൊള്ളിച്ച് പാണ്ടനാട് പഞ്ചായത്ത് രൂപം കൊണ്ടു. പഞ്ചായത്ത് രൂപീകരണത്തിനു മുന്‍പായി പാണ്ടനാട് പ്രദേശം തിരുവന്‍വണ്ടൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1966-ല്‍ പടിഞ്ഞാറെമഠത്തി ശ്രീമതി.കല്യാണിയമ്മയിൽ നിന്നും ലഭിച്ച സ്ഥലത്താണ് ഇപ്പോഴത്തെ പഞ്ചായത്താഫീസ് സ്ഥിതിചെയ്യുന്നത്.   പഞ്ചായത്തിന് പാണ്ടനാട് എന്ന പേര് വരാനുള്ള കാരണം പഞ്ചപാണ്ഡവൻമാർ വസിച്ച നാട് ആയതിനാലാണെന്ന് പഴമക്കാർ പറയുന്നു. ജനപ്രതിനിധികള്‍ ഭരണം ഏല്‍ക്കുന്നതുവരെ സ്പെഷ്യൽ ഓഫീസർ പഞ്ചായത്തു ഭരണകാര്യങ്ങനടത്തിവന്നു. എ.ജെ.ജോണ്‍ പാണ്ടനാട് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

       അത്യുല്‍കൃഷ്ടമായി കരുതപ്പെടുന്ന ശബരിമലയിൽ നിന്നും ഉത്ഭവിക്കുന്ന പുണ്യ നദിയായ പമ്പാനദിയുടെ ഇരുകരകളിലുമായിസ്ഥിതി ചെയുന്ന പാണ്ടനാട് ഗ്രാമ പഞ്ചായത്ത് ഭൂപ്രകൃതിയനുസരിച്ച് തീരസമതല പ്രകൃതിയുള്ള ഭൂമിയാണ്. കിഴക്കുനിന്നും പടിഞ്ഞാറോട്ട് നാമമാത്രമായ ചരിവുണ്ടെങ്കിലും പമ്പാനദി പാണ്ടനാടിനെ തെക്കും വടക്കുമായി രണ്ടായി വിഭജിക്കുന്നു. പമ്പാനദിയുടെ വടക്ക് ഭാഗത്ത് 1 മുതൽ 4 വരെയുള്ള വാര്‍ഡുകളും 8-ാം വാർഡിന്റെ കുറച്ച് ഭാഗങ്ങളും തെക്ക് ഭാഗത്ത് 5 മുതൽ 14 വരെയുള്ള വാര്‍ഡുകളും സ്ഥിതി ചെയ്യുന്നു.